Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ശബരിമല ക്ഷേത്രം ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ അഴിമതിയെക്കുറിച്ച് അടിയന്തര ഇടപെടൽ വേണമെന്നും കത്തിൽ പറയുന്നു.
ശബരിമല ക്ഷേത്രത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പരാജയപ്പെട്ടു. ഇക്കാര്യം കേരള ഹൈക്കോടതി വ്യക്തമായി നിരീക്ഷിച്ചിട്ടുണ്ട്. ക്രമക്കേടുകൾ അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു.
കേരള പോലീസ് ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാലും, ആഭ്യന്തര മന്ത്രി തന്നെ മുഖ്യമന്ത്രിയായതിനാലും കേരള പോലീസ് നടത്തുന്ന അന്വേഷണത്തിൽ ജനങ്ങൾക്ക് വിശ്വാസമില്ല.
അതിനാൽ ദേവസ്വം ബോർഡുകളിലും അതിന്റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളിലും കഴിഞ്ഞ 30 വർഷത്തെ ഇടപാടുകൾ അന്വേഷിക്കാൻ ഒരു കേന്ദ്ര ഏജൻസിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Kerala
തൃശൂര്‍: കലുങ്ക് സംവാദ പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ പിന്തുണച്ചും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പരോക്ഷമായി വിമർശിച്ചും കെ. സുരേന്ദ്രൻ. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതിരിക്കണമെന്ന് സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
സാധാരണക്കാര്‍ക്ക് ഉപകാരമാവുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള മുഴുവന്‍ രാഷ്ട്രീയ നേതാക്കളും സുരേഷ്ഗോപിയെ മാതൃകയാക്കുകയാണ് വേണ്ടത്. ഇനി സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതെയിരിക്കാനെങ്കിലും ശ്രമിക്കുകയെന്നതാണ് മര്യാദ. കലുങ്ക് സംവാദം പോലെ താഴെതട്ടിലുള്ള ജനങ്ങളുമായി അദ്ദേഹം ഇടപെടുന്നത് കാണുമ്പോള്‍ സ്വാഭാവികമായും ചിലര്‍ക്ക് ചൊറിച്ചില്‍ വരും. അത് പൊട്ടിയൊലിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. ഇതൊക്കെ നമ്മള് എത്ര കണ്ടതാണ്- എന്നായിരുന്നു സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചത്.
സുരേഷ് ഗോപി എന്തിനാണ് അങ്ങനെ ചെയ്തതെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം നിവേദനം സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.